Wednesday 15 April 2009

കുഞ്ഞേ ചിരിക്കൂ

കുഞ്ഞേ ചിരിക്കൂ മതിവരുവോളം നീ
നാളെച്ചിരിക്കാന്‍ കഴിഞ്ഞില്ലയെങ്കിലോ
പാല്‍ മണം മാറാത്ത നിന്‍ ച്ചുണ്ടിലെ ചിരി
വശ്യം ...മനോഹരം ..എത്ര ഹൃദ്യം .

അഞ്ചു പെണ്മക്കള്‍ക്കിളയവളായൊരു
പെണ്‍ കുഞ്ഞു വീണ്ടും പിറന്നു വീഴേ...
നേര്‍ച്ചകള്‍ എത്രെയോ നേര്‍ന്നതാണിപ്പോഴും
പെണ്ണാണെന്ന് അമ്മ പരിതപിച്ചു.

കുഞ്ഞിക്കൈ കാലുകള്‍ നീട്ടി കുടഞ്ഞവള്‍
അമ്മയെ നോക്കി പുഞ്ചിരിക്കെ...
ശുഷ്ക്കിച്ച മാറിലെ പാല്‍കുടം
കുഞ്ഞു ചുണ്ടിലേക്ക്‌ അമ്മ ചേര്‍ത്ത് വെച്ചു
നെഞ്ഞുരുകി വിളിച്ചു പോയായമ്മ
ദൈവമേ ..എന്‍ കുഞ്ഞിനൊന്നും വരുത്തിടല്ലേ.

കുഞ്ഞേ ചിരിക്കൂ മതിവരുവോളം നീ
നാളെച്ചിരിക്കാന്‍ കഴിഞ്ഞില്ലയെങ്കിലോ....

നാളെ നീ ബാല്യവും ,കൌമാരം പിന്നിട്ടു
യൌവനയുക്തയായ് മാറിടുമ്പോള്‍ ..
മറന്നുപോം..ഒന്ന് ചിരിക്കുവാന്‍ കൂടി നീ
പെണ്ണായി മണ്ണില്‍ പിറന്നു പോയി.

കരുതിയിരിക്കുക ചുറ്റും പ്രണയത്തിന്‍
വലകള്‍ വിരിച്ചവര്‍ കാത്തിരിക്കും
പൂക്കളാല്‍ മൂടിയ പാതയിലോക്കെയും
വാരിക്കുഴികള്‍ മറഞ്ഞിരിക്കും.

നിന്നിലെക്കെത്തുന്ന കണ്ണുകള്‍ ആകട്ടെ
കഴുകന്‍റെ കണ്ണുകള്‍ ആയിരിക്കും
നിന്‍റെ കണ്ണീരു കുറുക്കി യെടുത്തവര്‍
അവരുടെ ഉപ്പാക്കി മാറ്റിയേക്കും.

മകളെ ഈ ഭൂമിതന്‍ സൌന്ദര്യമൊക്കെയും
സ്ത്രീകളീ മണ്ണില്‍ പിറന്നതത്രേ...
കുഞ്ഞേ ചിരിക്കൂ മതിവരുവോളം നീ
നാളെച്ചിരിക്കാന്‍ കഴിഞ്ഞില്ലയെങ്കിലോ....

ഗോപിക.....

2 comments:

  1. നല്ല കാവ്യവാസനയുണ്ട്‌. തുടര്‍ന്ന്‌ എഴുതുക. ലിംഗഭേദ പ്രസക്തി ആദ്യമായി മാറിക്കിട്ടേണ്ടത്‌ അമ്മമനസ്സില്‍ തന്നെ!
    ഭാവുകങ്ങള്‍!

    ReplyDelete